• കമ്പ്യൂട്ടര്‍ ഉപയോഗിച്ച് എഴുതാനും ചിത്രംവരയ്ക്കാനും പാട്ടുകേള്‍ക്കാനും വിവരങ്ങള്‍ ശേഖരിക്കാനും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ വെറുമൊരു യന്ത്രമായ കമ്പ്യൂട്ടറിന് എങ്ങിനെയാണ് നമ്മള്‍ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ മനസ്സിലാകുന്നതെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ പ്രോഗ്രാമിംഗ് ഭാഷകളെക്കുറിച്ച് കേള്‍ക്കാതിരിക്കാന്‍ വഴിയില്ല.
    കമ്പ്യൂട്ടറിന് നമ്മുടെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത് കമ്പ്യൂട്ടറിന്റെ മറുപടികള്‍ നമ്മുക്കു മനസ്സിലാകുന്ന വിധത്തില്‍ നല്‍കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്ത് സഹായിക്കുന്ന ഭാഷകളാണ് പ്രോഗ്രാമിംഗ് ഭാഷകള്‍. എന്നാല്‍ നമ്മള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷകളില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് ഈ ഭാഷകള്‍. അതിനുകാര ണം നമ്മള്‍ 'സംസാരിക്കുന്നത് ' സ്വയം ചിന്തിക്കാനാകാത്ത ഒരു ഉപകരണത്തോടായതുകൊണ്ടാണ്. ഉദാഹരണത്തിന് നമ്മുക്ക് ഒരു ഗ്ലാസ് ചായ കുടിക്കണമെങ്കില്‍, അത് സ്വന്തമായുണ്ടാക്കുകയോ അതുണ്ടാക്കാനറിയാവുന്ന ആരോടെങ്കിലും ആവശ്യപ്പെടുകയോ ചെയ്താല്‍ മതിയല്ലോ. എന്നാല്‍ കമ്പ്യൂട്ടറിനെക്കൊണ്ട് ചായ ഉണ്ടാക്കിക്കണമെങ്കില്‍ (ഉദാഹരണം മാത്രമാണേ) വെറുതേ ഒരു നിര്‍ദ്ദേശം നല്‍കിയാല്‍ മാത്രം പോരാ, ചെയ്യേണ്ട ഒരോന്നും യാതൊരു ആശയക്കുഴപ്പവും വരാത്തവിധത്തില്‍ പറഞ്ഞുകൊടുക്കുകയും വേണം.
    നമ്മളിവിടെ പഠിക്കാന്‍ പോകുന്നത് പൈതണ്‍ എന്ന പ്രോഗ്രാമിങ്ങ് ഭാഷയാണ് . ഈ ഭാഷ മറ്റു പല ഭാഷകളെയുംകാള്‍ ലളിതവും ഗ്രഹണീയവുമാണ്. കൂടാതെ മിക്കവാറും എല്ലാ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളിലും യാതൊരു മുന്നൊരുക്കവും കൂടാതെ തന്നെ ഈ ഭാഷ ഉപയോഗിക്കുവാനും സാധിക്കും